മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയാണ് രാഹുൽ ഗാന്ധിയെ തടഞ്ഞത്.
റോഡിൽ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാൻ തയ്യാറായില്ല. കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച മണിപ്പൂർ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.
തുടർന്ന് രാഹുൽ ഗാന്ധി റോഡ് മാർഗം യാത്ര പുറപ്പെട്ട ഇംഫാലിലേക്ക് തന്നെ മടങ്ങി. ആകാശമാർഗ്ഗം രാഹുൽ ഗാന്ധിക്ക് യാത്ര തുടരാമെന്നാണ് പൊലീസ് നിലപാട്. രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന പാതയിൽ പലയിടത്തും സംഘർഷ സാഹചര്യം ഉണ്ടെന്നും അതിനാലാണ് കടത്തിവിടാൻ കഴിയില്ലെന്ന് പറഞ്ഞതെന്നുമാണ് മണിപ്പൂർ പൊലീസിന്റെ നിലപാട്. രാഹുൽ ഗാന്ധി ഹെലികോപ്റ്റർ മാർഗം ചുരാചന്ദ്പൂരിലേക്ക് പോകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.