മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് വിജിലൻസ് സ്വർണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്തിനെ ഫ്ലാറ്റിൽ നിന്ന് കൊണ്ടുപോയി. ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്തശേഷം വിട്ടയക്കുമെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ നോട്ടീസ് നൽകാതെ സരിത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. സരിത്തിനെ കൊണ്ടുപോയവർ പൊലീസാണെന്ന് പറഞ്ഞെങ്കിലും ഐഡി കാണിച്ചില്ലെന്ന് സ്വപ്ന പറഞ്ഞു. തട്ടിക്കൊണ്ടുപോയതല്ലെന്നും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നുമാണ് വിജിലൻസ് അറിയിച്ചത്. മൊഴിയെടുക്കാൻ എത്തിയപ്പോൾ സരിത് സ്വമേധയ കൂടെ വരികയാണ് ചെയ്തതെന്നാണ് വിജിലൻസ് വാദം.
എന്നാൽ തന്നെ വിജിലൻസ് ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പി എസ് സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചെരുപ്പിടാൻ പോലും സമ്മതിച്ചില്ലെന്നും ഫോൺ പിടിച്ചെടുത്തുവെന്നും സരിത്ത് പറയുന്നു. ബലപ്രയോഗത്തിൽ കൈയ്ക്ക് പരുക്കുപറ്റിയെന്നും പ്രതികരണം. സരിത്തിനെ വിജിലൻസ് വിട്ടയച്ചിരുന്നു. ലൈഫ് മിഷൻ കേസിനെക്കുറിച്ചൊന്നും ചോദിച്ചില്ലെന്നും സ്വപ്നയുടെ ഇന്നലത്തെ വെളിപ്പെടുത്തലിനെക്കുറിച്ച് മാത്രമാണ് ചോദിച്ചതെന്നും സരിത്ത് വെളിപ്പെടുത്തി.
രഹസ്യമൊഴി നൽകിയതിൽ രാഷ്ട്രീയ അജൻഡ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതിലും സ്വപ്ന പ്രതികരിച്ചു. അജൻഡയൊന്നും ഇല്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും മുഖ്യമന്ത്രി പിണറായി അടക്കമുള്ളവർക്കെതിരെ മൊഴി നൽകിയത് തെളിവുള്ളതിനാലാണെന്നും ഇപ്പോഴും ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന മാധ്യമങ്ങളെ അറിയിച്ചു.
‘സരിതയും പി സി ജോർജും തന്റെ രഹസ്യമൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. സരിതയെ അറിയില്ല. അവർ തന്റെ അമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.’