ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമാണെന്ന് ഐഎംഎ വ്യക്തമാക്കി.
മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണ്. ഓപ്പറേഷൻ തീയറ്ററിൽ മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹു പ്രതികരിച്ചു.
ഓപ്പറേഷൻ തീയറ്ററിനുള്ളിൽ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കത്ത് ചർച്ചയായിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകിയത്. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർഥിനികളുടെ ഒപ്പുകളോട് കൂടിയതായിരുന്നു കത്ത്. ഈ വിഷയം ദേശീയമാധ്യമങ്ങളിലടക്കം വാർത്തയാകുകയും ചെയ്തിരുന്നു.