ഇന്ത്യയിലെ മികച്ച ക്ലബ്ബുകളിലൊന്നായ സാൽഗോക്കർ എഫ്.സി ഫുട്ബോൾ മതിയാക്കുന്നു. 1956ൽ ആരംഭിച്ച ഗോവൻ ക്ലബ്ബായ സാൽഗോക്കർ 67 വർഷം ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ ശേഷമാണ് ഗ്രൗണ്ട് വിടാൻ ഒരുങ്ങുന്നത്. ഫെഡറേഷൻ കപ്പ്, നാഷണൽ ഫുട്ബോൾ ലീഗ്, ഡ്യൂറന്റ് കപ്പ് എന്നീ കിരീടങ്ങൾ നേടിയ ആദ്യ ഗോവൻ ടീമാണ് സാൽഗോക്കർ.
ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നായിരുന്നു സാൽഗോക്കർ. കഴിഞ്ഞ കുറച്ചുകാലമായി ഗോവൻ പ്രൊഫഷണൽ ലീഗിൽ മാത്രമാണ് സാൽഗോക്കർ കളിച്ചിരുന്നത്. മെനിനോ ഫിഗ്വെയ്റിഡോ, ബ്രഹ്മാനന്ദ് ശങ്കവാൾക്കർ, ബ്രൂണോ കുടീന്യോ തുടങ്ങിയ നിരവധി ലോകോത്തര താരങ്ങളെ സമ്മാനിച്ച ക്ലബ്ബാണിത്.
ഗോവയിലെ വ്യവസായിയായ വി.എം സാൽഗോക്കറാണ് ക്ലബ്ബ് സ്ഥാപിച്ചത്. വിംസൺ എന്ന പേരിൽ കളിക്കാനാരംഭിച്ച സാൽഗോക്കർ എഫ്.സി 1957-ൽ ഒരു മത്സരം പോലും തോൽക്കാതെ രണ്ടാം ഡിവിഷൻ കിരീടം സ്വന്തമാക്കി. പിന്നീട് അടുത്ത വർഷം ഒന്നാം ഡിവിഷണിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നാല് വർഷങ്ങൾക്ക് ശേഷം 1961-ൽ ടീം ഗോവൻ ലീഗിലെ ചാമ്പ്യന്മാരായി. ഇതിന്റെ ഭാഗമായി 1961-ൽ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു സ്വവസതിയിലേക്ക് ടീം അംഗങ്ങളെ ക്ഷണിച്ചിരുന്നു.