ബീച്ചുകൾ ആകർഷകമാക്കാൻ ചെറുഗ്യാലറികൾ ഒരുക്കിയിരിക്കുകയാണ് ഖത്തർ. ബീച്ചുകളിൽ മനോഹര ചിത്രങ്ങളും പെയിന്റിങ്ങുകളും ഉൾപ്പെടുത്തിയാണ് ചെറുഗാലറികൾ സ്ഥാപിച്ചിരിക്കുന്നത്. നഗരസഭ മന്ത്രാലയത്തിന്റെയും സീഷോർ ഗ്രൂപ്പിന്റെയും സഹകരണത്തോടെ പൊതുമരാമത്ത് അതോറിറ്റിയാണ് (അഷ്ഗാൽ) പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഒരു ഫ്രെയിമിനുള്ളിൽ കല്ലുകൾ നിറച്ച് ഫ്രെയിമിന്റെ 4 വശങ്ങളിലുമായി വ്യത്യസ്ത പ്രമേയങ്ങളിലുള്ള ചിത്രങ്ങളും പെയിന്റിങ്ങുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ സീലൈൻ, അൽ വക, സിമെയ്, അൽ ഫർഖിയ, അൽഗരിയ തുടങ്ങിയ ബീച്ചുകളിലാണ് ഗ്യാലറികൾ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പ്രാദേശിക പരിസ്ഥിതി, സംസ്കാരം, പൈതൃകം, സമുദ്രയാന പൈതൃകം, കുടുംബത്തിന്റെ പ്രാധാന്യം, നഗരസൗന്ദര്യം, ഫുട്ബോൾ, രാജ്യം ആതിഥേയത്വം വഹിച്ച പ്രാദേശികവും ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള രാജ്യാന്തര കായിക ടൂർണമെന്റുകൾ എന്നിവ പ്രമേയമാക്കിയുള്ള ചിത്രങ്ങളും സ്വദേശി-പ്രവാസി കലാകാരന്മാർ വരച്ച പെയ്ന്റിങ്ങുകളുമാണ് ഗാലറികളിലുള്ളത്.
ഹരിത ഇടങ്ങൾ, മരങ്ങൾ, കാൽനട, സൈക്കിൾ പാതകളുടെ നിർമ്മാണം എന്നിവ ഉൾപ്പെടെയാണ് പദ്ധതി. ബീച്ചുകളിലെ സേവനങ്ങളും വിനോദ സൗകര്യങ്ങളും വർധിപ്പിക്കാൻ ആണ് നഗരസഭ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഈദ് അവധി ദിനത്തിന് മുന്നോടിയായി ബീച്ചുകളിൽ സമയം ചിലവഴിക്കാനെത്തുന്ന സന്ദർശകർക്ക് പുതിയ അനുഭവം നൽകുന്നതാണ് പദ്ധതി.