ഇന്ത്യയിൽ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചകനിന്ദ പരാമർശത്തെ അപലപിച്ച് ഖത്തർ ശൂറാ കൗൺസിലും രംഗത്ത്. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഇസ്ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ പാർട്ടിയുടെ പ്രതിനിധി നടത്തിയ പരാമർശത്തിൽ ശക്തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇസ്ലാമിനും വിശ്വാസികൾക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും വ്യവസ്ഥാപിതമായ അതിക്രമങ്ങളുടെയും തുടർച്ചയാണ് ഇത്തരത്തിലുള്ള അവഹേളനങ്ങളെന്ന് ശൂറാ കൗണ്‍സില്‍ വിലയിരുത്തി. വിശ്വാസികൾക്കും മതത്തനുമെതിരേ നടക്കുന്ന അവഹേളനങ്ങൾ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം മുന്‍കൈ എടുക്കണണെന്നും ശൂറാ കൗണ്‍സില്‍ ഓര്‍മിപ്പിച്ചു.
ചില സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കും ഇസ്ലാമിക സ്വത്തുക്കളുടെ കയ്യേറ്റവും കൗണ്‍സില്‍ വിലയിരുത്തി. പ്രവാചക നിന്ദയില്‍ നേരത്തെ ഖത്തര്‍ വിദേശ കാര്യമന്ത്രാലയവും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.