മുത്തലാഖിനെ വിമർശിച്ചും ഏക സിവിൽ കോഡിനെ ന്യായീകരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്തമായ നിയമം ഉണ്ടാകുന്നത് ശരിയല്ലെന്നും ഒരു രാജ്യത്തിന് രണ്ട് നിയമങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം മുത്തലാഖിനെ രൂക്ഷമായി വിമർശിച്ചു. മുത്തലാഖിന് വേണ്ടി വാദിക്കുന്നവർ വോട്ട് ബാങ്കിനായാണ് പ്രവർത്തിക്കുന്നതെന്നും മുസ്ലിം പെൺകുട്ടികളോട് ഇവർ കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘മുത്തലാഖ് സ്ത്രീകളെ മാത്രമല്ല, മുഴുവൻ കുടുംബത്തെയും നശിപ്പിക്കും. ഏറെ പ്രതീക്ഷയോടെ വീട്ടുകാർ വിവാഹം ചെയ്ത് കൊടുക്കുന്ന ഒരു സ്ത്രീയെ മുത്തലാഖ് ചൊല്ലി തിരിച്ചയയ്ക്കുമ്പോൾ ആ സ്ത്രീയെ ഓർത്ത് മാതാപിതാക്കളും സഹോദരങ്ങളും വേദനിക്കുന്നു. മുസ്ലിം പെൺകുട്ടികളുടെമേൽ മുത്തലാഖിന്റെ കുരുക്ക് കെട്ടിവയ്ക്കാൻ ചിലർ ആഗ്രഹിക്കുന്നു. അവരെ അടിച്ചമർത്താനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇത്. അവരാണ് മുത്തലാഖിനെ പിന്തുണയ്ക്കുന്നത്. അതുകൊണ്ടാണ് മുസ്ലിം സഹോദരിമാരും പെൺകുട്ടികളും ബിജെപിക്കും മോദിക്കുമൊപ്പം നിൽക്കുന്നത്’എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മുത്തലാഖ് സമ്പ്രദായം കാലഹരണപ്പെട്ടിട്ടില്ലെങ്കിൽ എന്തുകൊണ്ടാണ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഈജിപ്ത്, ഇന്തൊനീഷ്യ, ഖത്തർ, ജോർദാൻ, സിറിയ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇത് നടപ്പാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. 90 ശതമാനം സുന്നി മുസ്ലിങ്ങളുള്ള ഈജിപ്തിൽ 90 വർഷം മുൻപ് മുത്തലാഖ് നിർത്തലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏക സിവിൽ കോഡിനെ (യുസിസി) എതിർക്കുന്നവർ സ്വന്തം താൽപര്യങ്ങൾക്കായാണ് ചിലരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.