പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് അൻവാർശേരിയിലേക്ക് പോവില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഅദനിയുടെ രക്തസമ്മർദ്ദം ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സ്ഥിതി മെച്ചപ്പെടുന്നത് വരെ മഅദനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടരും. കൂടാതെ മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. 12 ദിവസമാണ് മഅ്ദനി കേരളത്തിൽ ഉണ്ടാവുക. കര്‍ണാടക, കേരള പൊലീസ് സംഘവും ഡോക്ടര്‍മാരുടെ സംഘവും മഅ്ദനിയുടെ ഒപ്പമുണ്ട്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് മഅ്ദനി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. അതേസമയം രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദർശിക്കുമെന്നും മഅ്ദനി ബംഗളൂരുവിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു എങ്കിലും കർണാടക സർക്കാർ സുരക്ഷക്കായി വലിയ പണം ആവശ്യപ്പെട്ടപ്പോഴാണ് മഅദ്നിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. എന്നാൽ കർണാടകയിൽ ഭരണം മാറിയതോടെ ഇതിൽ ചില ഇളവുകൾ ലഭിച്ചു. ആരോഗ്യ പ്രശ്നങ്ങൾ വല്ലാതെ അലട്ടുന്നുണ്ടെങ്കിലും നാട്ടിൽ എത്തി ചികിത്സ തേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നില്ലെന്നും മഅ്ദനി പറഞ്ഞു.
അതേസമയം കേരളത്തിൽ എത്തിയാൽ സന്തോഷം എന്നാണ് വിമാനത്താവളത്തിൽ വച്ച് മഅദ്നി പ്രതികരിച്ചത്. എന്നാൽ നീതി നിഷേധത്തിനെതിരായ പോരാട്ടത്തിന് എല്ലാവരുടേയും കൂടെയുണ്ട്. അതാണ് കരുത്ത് നൽകുന്നത്. വിരോധമുള്ളവരെ കേസിൽ കുടുക്കി ജയിലിലടക്കുകയാണ് ഇവിടെ ചെയ്യുന്നത്. കള്ളക്കേസാണെന്ന് എല്ലാവർക്കും അറിയാം. അതേസമയം കർണാടകയിലെ ഭരണമാറ്റം വലിയ സഹായമായിട്ടില്ലെങ്കിലും ദ്രോഹമുണ്ടായിട്ടില്ല. എത്ര നീട്ടി കൊണ്ടു പോയാലും ഒരു വർഷത്തിനുള്ളിൽ തീർക്കാൻ സാധിക്കുന്ന കേസായിരുന്നു ഇത്. അതാണ് 14 മത്തെ വർഷത്തിലേക്ക് കടക്കുന്നത്. പ്രതീക്ഷ മുഴുവൻ കേരളീയ സമൂഹം നൽകുന്ന പിന്തുണയിലാണെന്നും മഅദ്നി കൂട്ടിച്ചേർത്തു.