മുഖ്യമന്ത്രിയും ശിവശങ്കറും ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ , മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെ ടി ജലീൽ എന്നിവരുടെയൊക്കെ പങ്കിനെ കുറിച്ച് വ്യക്തമായ മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രിയുടെ
ദുബായ് സന്ദർശന വേളയിൽ എം ശിവശങ്കർ പറഞ്ഞ പ്രകാരം ബാഗ് എത്തിക്കുകയും ബാഗിൽ പണമായിരുന്നുവെന്ന് യുഎഇ കോൺസുലേറ്റിലെ സ്കാനിങ്ങിൽ ബോധ്യപ്പെടുകയും ചെയ്തു. കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥനാണ് ബാഗുമായി ദുബായിലേക്ക് പോയതെന്നും സ്വപ്ന പറയുന്നു.
ഭാരമുള്ള ലോഹവസ്തുക്കൾ അടങ്ങിയ വലിയ ബിരിയാണിപ്പാത്രങ്ങൾ കോൺസുൽ ജനറൽ ക്ലിഫ് ഹൗസിൽ എത്തിച്ചു. പാത്രങ്ങൾ ക്ലിഫ് ഹൗസിലെത്തിച്ചത് ജവഹർ നഗറിലെ കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്നാണെന്നും സ്വപ്ന രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വപ്നയുടെ വെളിപ്പെടുത്തലിൽ ഒന്നും പറയാനില്ലെന്നാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ അറിയിച്ചത്. സ്വപ്നയുടെ മൊഴി കാര്യമാക്കുന്നില്ലെന്ന് എം ശിവശങ്കർ പറഞ്ഞു.