ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമം നാളെ. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ഇന്ന് മിനായിൽ തങ്ങും. മിനാ താഴ്വരയിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾ പ്രാർത്ഥനകൾ ഉരുവിട്ട് ഇന്ന് സൂര്യാസ്തമനത്തോടെ അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും.
നാളെ ഉച്ച നിസ്കാരത്തിന് മുമ്പായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് സൗദിയിലെ മുതിർന്ന പണ്ഡിത സഭാംഗം ഷെയ്ഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് അറഫാ പ്രഭാഷണം നിർവഹിക്കും. പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ നാളെ കണ്ണീരണിയും. ഒരു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള നമീറ പള്ളിയും 800 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള അറഫ നഗരിയും നാളെ ഭക്തിനിർഭരമായി മാറും. തുടർന്ന് മുഹർ, അസർ നമസ്കാരങ്ങൾ സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിന് ശേഷം മുസ്തലിഫയിലേയ്ക്ക് പോവും.
ബലിപെരുന്നാൾ ദിവസം ബലി കർമ്മവും മുടി മുറിക്കലും നടക്കും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിന് ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ്യും നിർവഹിച്ച് മിനയിലേയ്ക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം മിനായിലാണ് ഹാജിമാരുടെ താമസം. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. ദുൽഹജ് 13ന് (ശനി) വിടവാങ്ങൽ പ്രദിക്ഷണം നിർവ്വഹിച്ച് ഹാജിമാർ മക്കയിൽ നിന്നും മടങ്ങും.