സൗദിയിൽ റെസിഡൻസി, തൊഴിൽ നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി. ഒരാഴ്ച്ചയ്ക്കിടയിൽ നിയമലംഘനം നടത്തിയ 11,958 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ജൂൺ 15 മുതൽ 21 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘകരെ കണ്ടെത്തിയത്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും അനധികൃത തൊഴിലാളികളായും കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനുമാണ് 11,958 പേരെ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത്. ഇതിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് 6481 പേരെയും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2050 പേരെയും അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3427 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
നിയമലംഘകരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ കർശനമായി നടത്തിവരികയാണ്. ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കുന്നതിനായി മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റ് മേഖലകളിൽ നിന്നും 999 എന്ന നമ്പറിലും ബന്ധപ്പെടാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.