ഈജിപ്തിന്‍റെ പരമോന്നത ബഹുമതിയായ ‘ഓഡർ ഓഫ് ദ നൈൽ’ ഏറ്റുവാങ്ങി നരേന്ദ്രമോദി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയിൽ നിന്നാണ് ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങിയത്. മോദിയുടെ ഈജിപ്ത് സന്ദർശനവേളയിലായിരുന്നു ബഹുമതി സമ്മാനിച്ചത്.
26 കൊല്ലത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദർശനത്തിന് പോകുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അബ്ദുൽ ഫത്താഹ് എൽ സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ഈജിപ്ത് സന്ദർശനത്തിനെത്തിയത്. പ്രസിഡൻ്റുമായി ചർച്ചകൾ നടത്തിയ മോദി ഈജിപ്തിലെ ചരിത്രപ്രധാനമായ അൽ-ഹക്കിം പള്ളി, കെയ്റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് വാർ സെമിട്രി എന്നിവ സന്ദർശിച്ചു.
ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഈജിപ്ത് പ്രസിഡന്റ് സെപ്റ്റംബറിൽ ഇന്ത്യയിലെത്തും. ഒന്നാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച 4000 ത്തോളം ഇന്ത്യൻ പട്ടാളക്കാർക്ക് ഹീലിയോപോളിസ് വാർ സെമിട്രിയിൽ പ്രധാനമന്ത്രി ആദരവർപ്പിച്ചു.