പുതിയതായി 470 വിമാനങ്ങൾ കൂടി വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ച് എയർ ഇന്ത്യ. പാരിസിൽ നടക്കുന്ന എയർ ഷോയിൽ വെച്ചാണ് കരാറിൽ കമ്പനി ഒപ്പിട്ടത്. 250 എയർബസ് വിമാനങ്ങളും 220 ബോയിങ് ജെറ്റുകളുമാണ് കമ്പനി വാങ്ങുക. 7000 കോടി ഡോളറിന്റേതാണ് ഇടപാട്.
എയർ ബസിൽ നിന്ന് 34 എ350 -1000എസ് വിമാനങ്ങളും ആറ് 350-900 എസ് വിമാനങ്ങളും ബോയിങ്ങിൽ നിന്ന് 20 787 ഡ്രീംലൈനേഴ്സും 10 777എക്സ് വിമാനങ്ങളുമാണ് കരാറിന്റെ ഭാഗമായി എയർ ഇന്ത്യ സ്വന്തമാക്കുന്ന വലിയ വിമാനങ്ങൾ. ഇതിന് പുറമെ 140 എയർ ബസ് എ 320 നിയോ, 70 എയർബസ് എ 321 നിയോ വിമാനങ്ങളും 190 ബോയിങ് 737 മാക്സ് ചെറുവിമാനങ്ങളും വാങ്ങും. കരാറിന്റെ ഭാഗമായി 50 737മാക്സ് വിമാനങ്ങളും 20 787 ഡ്രീം ലൈനേഴ്സും എയർ ഇന്ത്യ വാങ്ങും. വലിയ വിമാനങ്ങൾ ദീർഘദൂര യാത്രകൾക്കും ചെറുവിമാനങ്ങൾ ആഭ്യന്തര – ഹ്രസ്വദൂര രാജ്യാന്തര യാത്രകൾക്കുമാണ് ഉപയോഗിക്കുക.
പുതിയതായി 470 വിമാനങ്ങൾ വാങ്ങുമെന്ന് കമ്പനി മാർച്ചിൽ വെളിപ്പെടുത്തിയിരുന്നു. ഏകദേശം 5.74 ലക്ഷം കോടി രൂപക്കാണ് വിമാനങ്ങൾ വാങ്ങുന്നത്. ഒരു നവഇന്ത്യ സൃഷ്ടിക്കുന്നതിൽ എയർ ഇന്ത്യയും പങ്കുവഹിക്കുമെന്ന് കരാർ വിവരം പുറത്തുവിട്ട് ട്വീറ്റിറിലൂടെ എയർ ഇന്ത്യ അറിയിച്ചു. ആധുനിക വ്യോമയാന രംഗത്തിന്റെ പ്രതിനിധികളായി എയർ ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷയെന്ന് ടാറ്റ സൺസ് ആന്റ് എയർ ഇന്ത്യ ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു.