ബഹിരാകാശത്ത് നിന്നും ലഹരിവിരുദ്ധ സന്ദേശമയച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. അൽ നെയാദിയുടെ വീഡിയോ സന്ദേശം ദുബായ് പോലീസാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ലഹരിമരുന്ന് ഉപയോഗം വ്യക്തികൾക്കും സമൂഹങ്ങൾക്കും ഹാനികരമാകുമെന്ന സന്ദേശമാണ് അൽ നെയാദി പങ്കുവെക്കുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഒബ്സർവേറ്ററി ഡെക്കിൽ നിന്നാണ് നെയാദി സന്ദേശം നൽകിയത്. ‘മയക്കുമരുന്ന് ഉപയോഗം നമ്മുടെ കാലത്തിന്റെ വിപത്താണ്, സമൂഹത്തെ നശിപ്പിക്കുന്ന മാരകമായ ക്യാൻസറിന് ഇത് കാരണമാകും. ലഹരിമരുന്ന് ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ദീർഘകാല പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണ്’ എന്ന് അൽ നെയാദി പറഞ്ഞു.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് മുന്നോടിയായാണ് അൽ നെയാദി തന്റെ സന്ദേശം അയച്ചത്. മയക്കുമരുന്ന് പ്രതിരോധം കേവലം ഒരു കടമ മാത്രമല്ല, ദേശീയ ഉത്തരവാദിത്തമാണെന്ന് അൽ നെയാദി കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരി വിരുദ്ധ സംരംഭത്തിൽ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.