വിദേശ സർവകലാശാലാ സർട്ടിഫിക്കറ്റുകൾ അംഗീകാരിക്കാനൊരുങ്ങി യുഎഇ. അതിന് മുന്നോടിയായി വിദേശ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ലഘൂകരിച്ചു. നിലവിലെ തുല്യതാ സർട്ടിഫിക്കറ്റിന് പകരം യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് റെക്കഗ്നിഷൻ സംവിധാനമാണ് ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് നടത്തിയ നിരവധി പഠനങ്ങൾക്ക് ശേഷമാണ് യുഎഇ പുതിയ തീരുമാനമെടുത്തത്.
സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് നിലവിലുണ്ടായിരുന്ന കാലതാമസം ഒഴിവായതായി വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് ബെൽഹുൽ അൽ ഫലാസി പറഞ്ഞു. അതിനാൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നവർക്ക് എളുപ്പത്തിൽ വിദ്യാഭ്യാസം തുടരാനോ ജോലിക്ക് അപേക്ഷിക്കാനോ സാധിക്കും. വിദൂരവിദ്യാഭ്യാസ പഠന സർട്ടിഫിക്കറ്റും ഇതോടൊപ്പം അംഗീകരിക്കാൻ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ എഞ്ചിനീയറിങ്, മെഡിസിൻ, നിയമം എന്നീ സർട്ടിഫിക്കറ്റുകൾക്ക് നിലവിലെ രീതി തുടരുമെന്നും അധികൃതർ അറിയിച്ചു.