മഞ്ഞപ്പടക്ക് ഇത് അഭിമാന മുഹൂർത്തം. ലോകത്തിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായി മാറി കേരള ബ്ലാസ്റ്റേഴ്സ്. ലോകത്തിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള 100 ഫുട്ബോൾ ക്ലബുകളിലൊന്ന് എന്ന സ്ഥാനവും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററി വീക്കിലി പോസ്റ്റിന്റെ കണക്കുകൾ പ്രകാരമാണ് ഈ വിലയിരുത്തൽ. വിവിധ സമൂഹമാധ്യമങ്ങളിലായി 6.7 മില്യൺ ഫോളോവേഴ്സാണ് ബാസ്റ്റേഴ്സിനുള്ളത്. ട്വിറ്ററിൽ 2 മില്യണും ഇൻസ്റ്റഗ്രാമിൽ 3.4 മില്യണും ഫേസ്ബുക്കിൽ 1.3 മില്യണും ആളുകളാണ് ബ്ലാസ്റ്റേഴ്സിനെ പിന്തുടരുന്നത്. ഫോളോവേഴ്സിന്റെ എണ്ണത്തിൽ ലോകത്തിൽ 70-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് നിലവിലുള്ളത്. ആദ്യ 100 സ്ഥാനങ്ങളിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ ഫുട്ബോൾ ടീമും മഞ്ഞപ്പട മാത്രമാണ്.
‘സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ ഫുട്ബോൾ ക്ലബായി മാറാൻ സാധിച്ചതിന് നന്ദി. അടുത്തിടെ നടത്തിയ സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററി സർവേയിൽ ലോകത്ത് ഏറ്റവുമധികം ഫോളോവേഴ്സുള്ള 100 ഫുട്ബോൾ ക്ലബുകളുടെ പട്ടികയിൽ ഞങ്ങൾ ഇടംനേടി. പ്രിയപ്പെട്ട ആരാധകരുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകില്ല. കൂടുതൽ നാഴികക്കല്ലുകൾ പിന്നിട്ട് നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’ എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ പേജിൽ ട്വീറ്റ് ചെയ്തത്.