അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്നതായി സ്ഥിരീകരണം. ടൈറ്റാനിക് കപ്പൽ കാണാൻ പോയ സംഘം അപകടത്തിൽപെട്ടത് ഞായറാഴ്ചയാണ്. ടൈറ്റന് മദർഷിപ്പുമായുളള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്കരമാകുമെന്നും യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.
ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഓക്സിജന്റെ അളവ് തീരുന്നു എന്ന ആശങ്കകൾക്കിടയിലും പുരോഗമിച്ച തെരച്ചിൽ ദൗത്യം ഒടുവിൽ അവശിഷ്ടങ്ങളിൽ തട്ടി അവസാനിച്ചു.
പേടകത്തിന്റെ മുൻഭാഗം ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. ടൈറ്റനിന്റെ പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ ലഭിക്കുകയായിരുന്നു. സമ്മർദത്തിൽ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം. കടലിന്റെ അടിത്തട്ടിലുള്ള തിരച്ചിൽ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.