നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് എബിവിപി ആഹ്വാനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തെ ഇടത് സർക്കാർ തകർക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ് അറിയിച്ചു. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നു.
വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ അഭ്യാസമാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ ബലത്തിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. എന്നാൽ അത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എബിവിപി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.