ദുബായിലെ ഗ്ലോബൽ വില്ലേജിനെ ഏറ്റവും ജനപ്രിയമായ യുഎഇ ആകർഷണമായി തെരഞ്ഞെടുത്തു. മാർക്കറ്റ് റിസേർചറായ യുഗൊ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബ സൗഹൃദ ഫെസ്റ്റിവൽ പാർക്ക് ആയ ഗ്ലോബൽ വില്ലേജിനെ ജനപ്രിയ യുഎഇ ആകർഷണമായി തിരഞ്ഞെടുത്തത്. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള 2,000 ലേറെ പേരിൽ നിന്ന് സ്വരൂപിച്ചാ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 12 മാസത്തിനിടെ യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആകർഷണമാണ് ഗ്ലോബൽ വില്ലേജ് എന്ന് കണ്ടെത്തി.
അഞ്ചിൽ രണ്ട് യുഎഇ നിവാസികളും ഗ്ലോബൽ വില്ലേജിനെ തെരഞ്ഞെടുത്തു. അതേസമയം മാജിക് പ്ലാനറ്റ് ആണ് രണ്ടാം സ്ഥാനത്ത്. ദുബായ് അക്വേറിയവും അണ്ടർവാട്ടർ മൃഗശാലയും മൂന്നാം സ്ഥാനത്താണുള്ളത്. കൂടാതെ അടുത്ത 12 മാസത്തിനുള്ളിൽ വീണ്ടും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആകർഷണം എന്ന നിലയിൽ ഗ്ലോബൽ വില്ലേജും പട്ടികയിൽ ഒന്നാമതെത്തി. സർവേയിൽ പങ്കെടുത്തവരിൽ മൂന്നിലൊന്ന് പേരും വരും വർഷത്തിനുള്ളിൽ പാർക്ക് സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യയുടേതടക്കം 27 പവലിയനുകളിലായി 90-ലേറെ സംസ്കാരങ്ങളെ ഗ്ലോബൽ വില്ലേജ് പ്രതിനിധീകരിച്ചു. 40-ലേറെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 40,000 പ്രകടനങ്ങൾ ജനങ്ങൾക്ക് മുന്നിൽ കാഴ്ച്ച വയ്ക്കുകയും ചെയ്ത സീസൺ 27-ൽ 9 ദശലക്ഷം അതിഥികളെ ഗ്ലോബൽ വില്ലേജ് സ്വാഗതം ചെയ്തു. 175-ലേറെ റൈഡുകളും ആകർഷണങ്ങളും ഇവർ ആസ്വദിച്ചു. കൂടാതെ 3,250-ലേറെ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഷോപ്പിങ് നടത്തുകയും രാത്രിയിൽ ഭക്ഷണം കഴിക്കുകയും ചെയ്തു. ഇവിടെ 77 കരിമരുന്ന് പ്രദർശനങ്ങളാണ് നടന്നത്. അതേസമയം ഈ വർഷം ഒക്ടോബർ 18 മുതൽ 2024 ഏപ്രിൽ 28 വരെ 194 ദിവസത്തേയ്ക്ക് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.