ഈ വർഷം മുതൽ വിംബിള്‍ഡൺ ടൂർണമെന്റിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കും. അടുത്ത മാസം ആരംഭിക്കുന്ന ടൂർണമെന്റിൽ എഐ സേവനം ഉപയോഗിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഐബിഎമ്മുമായി സഹകരിച്ചാണ് വിംബിൾഡണിൽ എഐ ഉൾപ്പെടുത്തുന്നത്.
വിംബിള്‍ഡൺ ടൂർണമെന്റിൽ എഐ വരുന്നതിലൂടെ ലൈൻ ജഡ്ജസിന്റെ ജോലി ടെക്നോളജി ഏറ്റെടുക്കും. അതിനാൽ ലൈൻ ജഡ്ജസിന്റെ ജോലി ഇല്ലാതാകാനാണ് സാധ്യത. എന്നാൽ നിലവിൽ ജോലിയ്ക്ക് ഭീഷണിയില്ലെങ്കിലും ഭാവിയിൽ ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്നും അധികൃതർ പറഞ്ഞു. ടൂർണമെൻ്റിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമാണ് ഇതെന്ന് ഓൾ ഇംഗ്ലണ്ട് ക്ലബ്ബ് ടെക്നോളജി ഡയറക്ടർ ബിൽ ജിങ്ക്സ് അറിയിച്ചു.
വരാനിരിക്കുന്ന ടൂർണമെന്റിൽ വിംബിൾഡൺ വെബ്സൈറ്റിലും ആപ്പിലുമായി വരുന്ന മത്സരങ്ങളുടെ ഹൈലൈറ്റ്സ് വീഡിയോയുടെ ഓഡിയോ കമന്ററി എഐയുടെ സഹായത്തോടെയായിരിക്കുമെന്ന് ഓൾ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ്ബ് വ്യക്തമാക്കി. അതുപോലെ ഓരോ താരത്തിന്റെയും ഫൈനലിലേക്കുള്ള പ്രവേശനം എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി കാണിക്കാൻ എഐയ്ക്ക് സാധിക്കുമെന്നും അധികൃതർ പറഞ്ഞു.