ലോക പ്രശസ്തമായ, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളിലൊന്നായ ആല്‍ക്കെമിസ്റ്റിന്റെ സൃഷ്ടാവ് പൗലോ കൊയ്ലോയുടെ ഹൃദയം കവർന്ന് ഒരു മലയാളി. മൂവാറ്റുപുഴക്കാരനായ റീസ് തോമസ് ആണ് ആ ഭാഗ്യവാൻ. പൗലോ കൊയ്ലോയോടുള്ള റീസിന്റെ ആരാധനയും അദ്ദേഹത്തിന്റെ എഴുത്തുകൾ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും ഭാവനാ സ്റ്റുഡിയോസിന്റെ ‘ദി ഫനാറ്റിക്ക്’ എന്ന യൂട്യൂബ് സീരീസിൽ റീസ് പങ്കുവെച്ചിരുന്നു. ഈ എപ്പിസോഡ് സാക്ഷാൽ പൗലോ കൊയ്ലോ കാണുകയും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുകയുമാണിപ്പോൾ. ഞാൻ കരഞ്ഞു പോയി എന്നാണ് വീഡിയോ കണ്ട ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലാണ് ഫനാറ്റികിന്റെ നിർമ്മാണവും സംപ്രക്ഷേപണവും ചെയ്യുന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളിലെ സെലിബ്രിറ്റി ആരാധകരെക്കുറിച്ചുള്ള വ്യത്യസ്തമായ യൂട്യൂബ് സീരീസാണ് ‘ദി ഫനാറ്റിക്ക്’.
മോഹൻലാൽ, മമ്മൂട്ടി, പൗലോ കൊയ്ലോ, വിദ്യാസാഗർ, വിജയ് എന്നിവരുടെ ആരാധകരെ ഫീച്ചർ ചെയ്തുകൊണ്ട് ഇതുവരെ ഭാവന സ്റ്റുഡിയോസ് ചെയ്തിട്ടുള്ള എപ്പിസോഡുകൾ എല്ലാം കാഴ്ചക്കാരോട് ഇമോഷണലി കണക്റ്റ് ആകുന്നവയായിരുന്നു. ഇതിൽ അവസാനമായി ഇറങ്ങിയ വിജയ് എപ്പിസോഡിൽ ആരാധികയായ അഭിരാമിയെ സാക്ഷാൽ വിജയ് തന്നെ നേരിൽ വിളിച്ചത് വൈറൽ ആയിരുന്നു.