റിലീസിന് മുൻപേ വിവാദങ്ങൾ സൃഷ്ടിച്ച തെലുങ്ക് ചിത്രമായിരുന്നു ‘ആദിപുരുഷ്’. എന്നാൽ റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ ബോക്സ് ഓഫിസില്‍ വലിയ കളക്ഷനും ചിത്രം നേടി. എങ്കിലും വിവാദങ്ങൾ ആദിപുരുഷിനെ പിന്തുടരുന്നുണ്ടായിരുന്നു. ചിത്രത്തിലെ സംഭാക്ഷണങ്ങളും വിഎഫ്എക്‌സും ചരിത്രത്തിന്റെ വ്യതിയാനവും എല്ലാം ‘ആദിപുരുഷിന്റെ കളക്ഷനെ ബാധിച്ചു.
ഇപ്പോഴിതാ തിയറ്ററില്‍ ആളെക്കൂട്ടാനുള്ള പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. അടുത്ത രണ്ടു ദിവസത്തേക്ക് ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുകയാണ്. ടിക്കറ്റ് നിരക്ക് 150 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്. ജൂണ്‍ 22, 23 തിയതികളിലായി 150 രൂപ ടിക്കറ്റ് നിരക്കില്‍ ചിത്രം കാണാന്‍ സാധിക്കുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. എന്നാൽ ത്രീഡിയില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുമെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേർത്തു.
റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് തന്നെ ആഗോള തലത്തിൽ 375 കോടിയിലധികമാണ് ചിത്രം നേടിയത്. ഇത് നിർമാതാക്കളുടെ മാത്രം കളക്ഷൻ കണക്കുകളാണ്. എന്നാൽ വിവാദങ്ങളും വിമർശനങ്ങളും രൂക്ഷമായതോടെ ചൊവ്വാഴ്ച കളക്ഷന്‍ 16 കോടിയായി കുറഞ്ഞു. അഞ്ചാം ദിവസം വീണ്ടും ഇടിഞ്ഞ് ഇത് 10.7 കോടിയിലെത്തി. അതേസമയം ഇന്നലെ ലഭിച്ച ഓൾ ഇന്ത്യ കളക്‌ഷൻ വെറും ഏഴുകോടിയായിരുന്നു.