വളാഞ്ചേരിയിൽ കട ഉദ്ഘാടനം ചെയ്യാനെത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. പൊതു ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുവേദിയിൽ അശ്ലീലപദപ്രയോഗം നടത്തുകയും ചെയ്തു എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. കൂടാതെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘പെപെ സ്ട്രീറ്റ് ഫാഷൻ’ കടയുടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എഐവൈഎഫ് നേതാവ് മുർശിദുൽ ഹക്കും വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും ചേർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. ഉച്ചത്തിൽ തെറിപ്പാട്ട് പാടുകയും ചെയ്തു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരും പരാതി നൽകിയത്.
വളാഞ്ചേരിയിലെ പെപെ സ്ട്രീറ്റ് ഫാഷൻ ഉദ്ഘാടത്തിനെത്തിയ തൊപ്പിയെ കാണാൻ സ്‌കൂൾ വിദ്യാർഥികൾ അടക്കം നിരവധി പേരാണ് എത്തിയിരുന്നത്. ഈ ഉദ്ഘാടനവും തൊപ്പിയുടെ തെറി പാട്ടും പരിപാടിയിലെ ആൾക്കൂട്ടവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. നിരവധി പേർ വിമർശനങ്ങളുമായി രംഗത്ത് വരുകയും ചെയ്തു.