യുഎഇയിൽ വില്ലയിലെ കറണ്ട്ബിൽ വർധിച്ചതിനേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലും ഇലക്ട്രോണിക്സ് തട്ടിപ്പും. ഫുജൈറയിലെ രണ്ട് റെസിഡൻഷ്യൽ വില്ലകളിലാണ് 23,000 ദിർഹം വൈദ്യുതി ബില്ല് വന്നത്. സാധാരണയേക്കാൾ ഉയർന്ന തുക വാടക വീട്ടിൽ രണ്ട് പേർക്ക് മാത്രമായി വന്നതോടെ സംശയം തോന്നിയ അധികൃതർ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് ഒരു സംഘം വില്ലകളിൽ ഇലക്ട്രോണിക് തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്നതായി കണ്ടെത്തിയത്.
സംഭവത്തിൽ 10 ഏഷ്യൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. വൻ ലാഭം നൽകാമെന്ന് പറഞ്ഞ് വ്യാജ വെബ്സൈറ്റുകൾ സൃഷ്ടിച്ചാണ് സംഘം പണം കൈപ്പറ്റിയിരുന്നത്. വില്ലകളിൽ നടത്തിയ റെയ്ഡിൽ നിരവധി കമ്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തു. ഇതേത്തുടർന്ന് ഫുജൈറ ഫെഡറൽ കോടതി പ്രതികൾക്ക് 5 വർഷം തടവും 5 ദശലക്ഷം ദിർഹം പിഴയും വിധിക്കുകയായിരുന്നു. ഇവരുടെ താമസസ്ഥലം സ്പോൺസർ ചെയ്ത് വില്ലകളും വാഹനങ്ങളും നൽകിയ വാണിജ്യ സ്ഥാപനത്തിന് 5 മില്യൺ ദിർഹം പിഴയും ചുമത്തി.
വഞ്ചനാപരമായ വെബ്സൈറ്റുകൾ, സംശയാസ്പദമായ സോഷ്യൽ മീഡിയ ലിങ്കുകൾ, ആകർഷകമായ ആദായവും ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങൾ എന്നിവയേക്കുറിച്ച് പൊതുജനങ്ങൾ ബോധവാന്മാരാകണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എമിറേറ്റുകളിലുടനീളമുള്ള പോലീസ് വകുപ്പുകൾ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാമ്പെയ്നുകളും ആരംഭിച്ചിട്ടുണ്ട്.