സൗജന്യ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.ജനറേഷന്‍ സ്കൂളുകൾ എന്ന പേരിലാണ് പുതിയ പാഠ്യ പദ്ധതി നടപ്പാക്കുന്നത്. 14,000 വിദ്യാര്‍ത്ഥികൾക്ക് ജനറേഷന്‍ സ്കൂളുകൾ വഴി സൗജന്യ വിദ്യാഭ്യാസത്തിന് അവസരം ഒരുങ്ങുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
ദേശീയവും അന്തർദേശീയവുമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. ദേശീയ പാഠ്യപദ്ധതിയിൽ ഇസ്ലാമിക്, അറബിക് തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നല്‍കും. അതേസമയം അന്താരാഷ്‌ട്ര വിഷയങ്ങളുടെ പട്ടികയില്‍ ശാസ്ത്രത്തിനും ഗണിതത്തിനും പ്രാധാന്യം ഉണ്ടായിരിക്കും.
എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റ് പ്രകാരം ഈ അധ്യയന വർഷം( 2022-23) മുതൽ ജനറേഷൻ സ്‌കൂളുകൾ വിദ്യാർത്ഥികളെ സ്വീകരിച്ച് തുടങ്ങും. പുതിയ സ്കൂൾ മാതൃകയുടെ പൈലറ്റ് പ്രോജക്ട് മൂന്ന് വർഷത്തേക്ക് പ്രവർത്തിക്കും. ഇത് സൈക്കിൾ 1 (ഗ്രേഡുകൾ 1-4) വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നതാണെന്നും അദ്ദേഹം ട്വിറ്ററില്‍ സൂചിപ്പിച്ചു.
വിദ്യാർത്ഥിയുടെ ചെലവ് പൂർണമായും സർക്കാർ വഹിക്കും. വിദ്യാഭ്യാസ മേഖലയിൽ യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ച ഘടനാപരമായ മാറ്റങ്ങളുടെ ത്തുടർച്ചയായാണ് പുതിയ പദ്ധതി. രാജ്യത്തെ സ്‌കൂളുകളും വിദ്യാഭ്യാസവും വികസിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണിതെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.