കുവൈത്തിൽ താമസിക്കുന്ന വിദേശികൾ നിലവിലുള്ള ഡ്രൈവിങ് ലൈസൻസിന്റെ അംഗീകാരം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമാനുസൃതമല്ലാത്ത ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രാലയം അറിയിച്ചു. മൈ ഐഡന്റിറ്റി ആപ്പ് വഴിയാണ് ലൈസൻസിന്റെ അംഗീകാരം പരിശോധിക്കേണ്ടത്.
നിശ്ചിത മാനദണ്ഡം പാലിക്കാതെ എടുത്ത ഡ്രൈവിങ് ലൈസൻസുകൾ സ്വമേധയാ റദ്ദാക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഈ മുന്നറിയിപ്പ് നൽകിയത്. ഇത്തരം ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ നിയമം ലംഘിച്ചതിനുള്ള ശിക്ഷയായി പിടികൂടി നാടുകടത്തുമെന്നും ഇത്തരത്തിൽ നിരവധിപേർ ഇതിനോടകം കുവൈത്തിൽ പിടിക്കപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന രാജ്യത്ത് ശക്തമാക്കിയിട്ടുണ്ട്. 2 വർഷമെങ്കിലും കുവൈത്തിൽ ജോലി ചെയ്തുവരുന്ന 600 ദിനാർ ശമ്പളവും ബിരുദവും ഉള്ള വിദേശികൾക്ക് മാത്രമാണ് ഇവിടെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുക. മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ കുവൈത്തിൽ ഡ്രൈവറായി നിലവിൽ ജോലി ചെയ്യുന്നുണ്ട്.