എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി. 18 വർഷമായി പിന്തുടർന്നുവന്ന രീതിയാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണവും ബുക്ക് ചെയ്യാം. വിമാനത്തിൽ നിന്നും പണം നൽകിയും ഭക്ഷണം വാങ്ങാം.
ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളിൽ ലഭ്യമാകുക. അതേസമയം പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനും സൗജന്യ ഭക്ഷണം അടക്കം നൽകിയാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് നടത്തി വന്നത്. എന്നാൽ പുതിയ സിഇഒ അലോക് സിംഗിന്റെ വരവോടെ വലിയ മാറ്റങ്ങൾക്കാണ് എയർ ഇന്ത്യ സാക്ഷിയായത്. എയർ ഇന്ത്യയുടെ ഈ തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
ബജറ്റ് എയർ ലൈൻസ് എന്ന സങ്കൽപ്പത്തിലാണ് സൗജന്യ സ്നാക്സ് ബോക്സ് നൽകിയിരുന്നത്. ക്രൂ അംഗങ്ങൾക്കുള്ള ഹോട്ടലിലെ പ്രത്യേക മുറി താമസവും നിർത്തിയിരുന്നു. രണ്ട് പേർക്ക് ഒരു മുറിയെടുക്കണമെന്നായിരുന്നു നിർദ്ദേശം. ക്രെഡിറ്റ് കാർഡ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവർ വിമാനത്താവളത്തിലെത്തുമ്പോൾ ക്രെഡിറ്റ് കാർഡ് കയ്യിൽ കരുതണമെന്നും എയർ ഇന്ത്യ അറിയിച്ചു. കാർഡ് ഇല്ലെങ്കിൽ കാർഡിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കയ്യിൽ കരുതണം. മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റ് എടത്തതെങ്കിൽ ആ വ്യക്തിയുടെ അനുമതിപത്രം കൈവശം കരുതണം. ഒപ്പം കാർഡിൻറെ പകർപ്പും കൈവശം സൂക്ഷിക്കണം. ക്രെഡിറ്റ് കാർജ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിൻറെ ഭാഗമായാണ് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ വീണ്ടും കർശനമാക്കുന്നത്.