സൈനികരുടെ ഉന്നമനം ലക്ഷ്യംവെച്ച് പുതിയ നിയമത്തിന് അംഗീകാരം നൽകി യുഎഇ. സൈനികരുടെ വിരമിക്കൽ, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അടങ്ങിയ പുതിയ നിയമത്തിനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അംഗീകാരം നൽകിയത്.
സ്ഥാനക്കയറ്റങ്ങൾക്കായി യോഗ്യത നേടുന്നതിന് സൈനികർ പൂർത്തിയാക്കേണ്ട പ്രോഗ്രാമുകൾ, കോഴ്സുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സൈനിക ഉദ്യോഗസ്ഥർക്കും സിവിൽ ഡിഫൻസ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കും നിയമം ബാധകമാണ്. എല്ലാ സൈനികകേന്ദ്രങ്ങളിലും പ്രമോഷൻ ആന്റ് റിട്ടയർമെന്റ് കമ്മിറ്റി രൂപീകരിക്കണമെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
പുതിയ നിയമപ്രകാരം വിരമിക്കൽ തിയതിയുടെ ആറ് മാസം മുമ്പെങ്കിലും വിവരം സൈനികനെ അറിയിക്കുന്നതിന് വകുപ്പിന് അധികാരം നൽകിയിട്ടുണ്ട്. ഇത് സൈനികന് അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചന നടത്തുന്നതിന് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആരോഗ്യപ്രശ്നങ്ങൾ കാരണം വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനത്തിന്റെ മാനദണ്ഡവും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.