അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ ഇനി അവശേഷിക്കുന്നത് എട്ട് മണിക്കൂറത്തേക്ക് മാത്രമുള്ള ഓക്സിജൻ. അതിനിടെ കടലിനടിയിൽ നിന്ന് കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാർഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓഷൻ ഗേറ്റ് ടൈറ്റൻ’ സമുദ്രപേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30നാണു മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. അപ്പോൾ 4 ദിവസത്തേക്കുള്ള ഓക്സിജനാണു പേടകത്തിലുണ്ടായിരുന്നത്. ഇനി അവശേഷിക്കുന്നത് എട്ട് മണിക്കൂറിനേക്കുള്ള ഓക്സിജൻ മാത്രമാണ്.
ടൈറ്റൻ സമുദ്രപേടകം കണ്ടെത്തിയാലും രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പേടകം ജലോപരിതലത്തിലേക്ക് ഉയർത്തുന്നതിനായി പൈലറ്റ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടാവുമെന്നും അങ്ങനെ ഉയർന്നു വന്നാൽത്തന്നെ ആശയവിനിമയ സംവിധാനം നഷ്ടമായ ചെറുപേടകം കണ്ടെത്തുക ശ്രമകരമാണെന്നും ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ മറൈൻ എൻജിനീയറിങ് പ്രഫസർ അലിസ്റ്റെയർ ഗ്രേഗ് അഭിപ്രായപ്പെട്ടു.
പേടകം പുറത്തുനിന്ന് ബോൾട്ടുപയോഗിച്ച് അടച്ച നിലയിലാണ്. പുറത്തുനിന്നു തുറക്കാതെ യാത്രികർക്ക് ഇറങ്ങാനാവില്ല. സമുദ്രത്തിന്റെ അടിത്തട്ടിൽ കുടുങ്ങിയ നിലയിലാണെങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാകും. അടിത്തട്ടിലെ കൂടിയ മർദവും തണുപ്പും പ്രതിസന്ധിയാകും. 2 മൈലോളം ആഴത്തിലായതിനാൽ കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കും.
അറ്റ്ലാൻറിക് സമുദ്രത്തിലെ വടക്കൻ മേഖലയിൽ തെരച്ചിൽ നടത്തുന്ന നിരീക്ഷണ വിമാനത്തിനാണ് കടലിനടിയിൽ നിന്ന് ശബ്ദ തരംഗങ്ങൾ ലഭ്യമായതെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം. ബുധനാഴ്ച പുലർച്ചെയാണ് അമേരിക്കൻ കോസ്റ്റ് ഗാർഡ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. ട്വിറ്ററിൽ അമേരിക്കൻ കോസ്റ്റ് ഗാർഡ് ഇത് സംബന്ധിച്ച് ചെറിയൊരു വിശദീകരണവും ഇതിനോടകം നൽകിയിട്ടുണ്ട്. തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷയോടെയാണ് തിരച്ചിൽ നടത്തുന്നതെന്ന് യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പൽ സന്ദർശിക്കാനായി യാത്ര പുറപ്പെട്ടതായിരുന്നു അന്തർവാഹിനി. ശബ്ദതരംഗങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് രക്ഷാപ്രവർത്തകരുള്ളതെന്നും അമേരിക്കൻ കോസ്റ്റ് ഗാർഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പി 3 വിമാനമാണ് ശബ്ദതരംഗങ്ങൾ കണ്ടെത്തിയിട്ടുള്ളത്. 22 അടി നീളമുള്ളതും അഞ്ച് പേർക്ക് കയറാവുന്നതുമായ ചെറു അന്തർവാഹിനി കഴിഞ്ഞ ആഴ്ച അവസാനമാണ് കാണാതായത്.