പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘ആദിപുരുഷ്’ റിലീസിന് മുന്നേ വിവാദമായ സിനിമയാണ്. റിലീസിന് ശേഷം ചിത്രത്തിന്റെ കഥയും വിഎഫ്എക്‌സും വലിയ പരിഹാസങ്ങൾക്ക് വഴി വച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ദീപിക ചിഖ്ലിയ. രാമായണം ഒരു വിനോദോപാധിയല്ലെ. ഹിന്ദു ഇതിഹാസത്തിൽ നിന്ന് വ്യതിചലിച്ചാൽ വിമർശനം നേരിടേണ്ടി വരുമെന്നും ദീപിക ചിഖ്ലിയ പറഞ്ഞു. 36 വർഷം മുമ്പ് രാമാനന്ദ് സാഗർ സംവിധാനം ചെയ്ത രാമായണം സീരിയലിൽ സീതാദേവിയുടെ വേഷമിട്ട് പ്രശസ്തയായ നടിയാണ് ദീപിക ചിഖ്ലിയ.
ഹൈന്ദവ ഇതിഹാസം വിനോദത്തിന് വേണ്ടിയുള്ളതല്ലെ. വർഷങ്ങൾ തോറും പുതിയ വ്യതിയാനങ്ങളുമായി സിനിമാ പ്രവർത്തകർ വരുന്നത് ഒഴിവാക്കണമെന്നും ദീപിക പറഞ്ഞു. ഓരോ തവണയും രാമായണം പുതിയ രൂപത്തിൽ സ്‌ക്രീനിൽ വരുന്നത്, ടിവിയിലോ സിനിമയോ ആകട്ടെ അതിൽ ആളുകളെ വേദനിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടാകും. കാരണം പണ്ട് നിർമ്മിച്ച രാമായണത്തിന്റെ ഒരു പകർപ്പ് പിന്നിൽ വരുന്നവർ ഒരിക്കലും നിർമ്മിക്കാൻ പോകുന്നില്ല എന്നും ദീപിക ചിഖ്ലിയ കൂട്ടിച്ചേർത്തു.
ഓരോ സിനിമ നിർമ്മിക്കുമ്പോഴും നിര്‍മ്മാതാക്കള്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളുണ്ടാവും. സിനിമയിലൂടെ അവര്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടാവും. എന്നാൽ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ എന്തിനാണ് വീണ്ടും വീണ്ടും രാമായണം നിർമ്മിക്കാൻ ശ്രമിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇത് ശരിക്കും വേദനിപ്പിക്കുകയാണ്. രാമായണം പഠിക്കുന്ന കാര്യമാണ്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഒരു പുസ്തകമാണിത്. രാജ്യത്തിന്റെ സംസ്‌കാരങ്ങൾ (മൂല്യങ്ങൾ) എല്ലാം ഇതിലാണുള്ളത് എന്നും ദീപിക കൂട്ടിച്ചേർത്തു. അതേസമയം താരം ഇതുവരെ ആദിപുരുഷ് കണ്ടിട്ടില്ലെന്നും പറഞ്ഞു. സിനിമയെ ചുറ്റിപ്പറ്റി നെഗറ്റീവ് ചർച്ചകൾ നടക്കുന്നുണ്ടെന്നും അതിനാൽ സിനിമ കാണുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.