ടൈറ്റാനിക് കപ്പൽ സന്ദർശിക്കാനായി യാത്ര പുറപ്പെട്ട് കടലിൽ കാണാതായ അന്തർവാഹിനിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമായി നടക്കുന്നതിനിടെ കടലിനടിയിൽ നിന്ന് ശബ്ദ തരംഗങ്ങൾ കണ്ടെത്തിയതായി അമേരിക്കയുടെ കോസ്റ്റ് ഗാർഡ്. ബുധനാഴ്ച പുലർച്ചെയാണ് അമേരിക്കൻ കോസ്റ്റ് ഗാർഡ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. ട്വിറ്ററിൽ അമേരിക്കൻ കോസ്റ്റ് ഗാർഡ് ഇത് സംബന്ധിച്ച് ചെറിയൊരു വിശദീകരണവും ഇതിനോടകം നൽകിയിട്ടുണ്ട്.
അറ്റ്ലാൻറിക് സമുദ്രത്തിലെ വടക്കൻ മേഖലയിൽ തെരച്ചിൽ നടത്തുന്ന നിരീക്ഷണ വിമാനത്തിനാണ് കടലിനടിയിൽ നിന്ന് ശബ്ദ തരംഗങ്ങൾ ലഭ്യമായതെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം.
പി 3 വിമാനമാണ് ശബ്ദതരംഗങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ശബ്ദതരംഗങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് രക്ഷാപ്രവർത്തകരുള്ളതെന്നും അമേരിക്കൻ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. 22 അടി നീളമുള്ളതും അഞ്ച് പേർക്ക് കയറാവുന്നതുമായ ചെറു അന്തർവാഹിനി കഴിഞ്ഞ ആഴ്ച അവസാനമാണ് കാണാതായത്. ഓഷ്യൻ ഗേറ്റ് എക്സ്പെഡിഷൻസ് ആണ് അമിത ഭാരമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ദി ടൈറ്റൻ എന്ന ചെറു അന്തർ വാഹിനി നിർമ്മിച്ചത്.
അതേസമയം അന്തർവാഹിനിയിൽ ഉപയോഗിക്കുന്നത് ആമണോണിൽ നിന്നും വാങ്ങിക്കാൻ കഴിയുന്ന വില കുറഞ്ഞ വീഡിയോ ഗെയിം കൺട്രോളർ ആണെന്ന് റിപ്പോർട്ട്. ആമസോണിൽ വെറും 42 പൗണ്ടിന് ( ഏതാണ്ട് 3761 ഇന്ത്യൻ രൂപ) ലഭ്യമായ വിലകുറഞ്ഞ വീഡിയോ ഗെയിം കൺട്രോളറാണ് കാണാതായ ഓഷ്യൻ ഗേറ്റ് ടൈറ്റൻ സബ്‌മെർസിബിൾ പ്രവർത്തിപ്പിക്കുന്നതെന്ന് മിററാണ് റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ്, പാകിസ്ഥാൻ വ്യവസായിയായ ഷഹ്‌സാദ ദാവൂദ് (48), മകൻ സുലൈമാൻ (19) എന്നിവരാണ് ടൈറ്റാനിക്ക് കപ്പൽ സന്ദർശനത്തിനായി പോയി അത്ലാൻറിക് സമുദ്രത്തിൻറെ ആഴങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.