ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാട് നൽകിയ ഥാർ ജീപ്പിന് പുനർലേലത്തിൽ റെക്കോർഡ് തുക ലഭിച്ചു. പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാർ ആണ് 43 ലക്ഷം രൂപയ്ക്കു ഥാർ ലേലത്തിൽ വാങ്ങിയത്. 2021 ഡിസംബർ 4ന് വഴിപാടായി ലഭിച്ച ജീപ്പ് ഡിസംബർ 18ന് തന്നെ ലേലം ചെയ്തിരുന്നു. അമൽ മുഹമ്മദ് അലി എന്ന പ്രവാസി ബിസിനസുകാരൻ 15.10 ലക്ഷം രൂപയ്ക്കാണ് അന്ന് ജീപ്പ് ലേലത്തിൽ പിടിച്ചത്.
അമലിന് വേണ്ടി സുഭാഷ് പണിക്കർ എന്ന വ്യക്തിയാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്. ഒരാൾ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദുസേവാ സംഘം ഹൈക്കോടതിയെ സമീപിക്കുകയും അതോടെ ആദ്യ ലേലം റദ്ദാക്കി വീണ്ടും ലേലം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
15 പേരാണ് ലേലത്തിൽ പങ്കെടുത്തത്. ആദ്യ റൗണ്ടിൽ തന്നെ ലേലത്തുക 33 ലക്ഷം കടക്കുകയും ചെയ്തു. മഞ്ജുഷ എന്നയാൾ 40.50 ലക്ഷം രൂപയ്ക്കു ലേലം വിളിച്ചതോടെ ലേലം ഉറച്ചെന്നു കരുതിയെങ്കിലും വിഘ്നേഷ് വിജയകുമാർ 43 ലക്ഷം വിളിച്ച് ഥാർ ഉറപ്പിക്കുകയായിരുന്നു. ലേലത്തുകയും പുറമെ ജിഎസ്ടിയും അടക്കേണ്ടി വരും.