2000 ടണ്ണിലധികം സഹായവുമായി യുഎഇയുടെ നാലാമത്തെ സഹായക്കപ്പൽ ചൊവ്വാഴ്ച സിറിയയിലെ ലതാകിയ തുറമുഖത്തെത്തി.ഓപ്പറേഷൻ ഗാലൻ്റ് നൈറ്റ് 2 ൻ്റെ ഭാഗമായി എമിറേറ്റ്‌സ് റെഡ് ക്രസൻ്റാണ് ഏറ്റവും പുതിയ ഷിപ്പ്‌മെൻ്റ് അയച്ചത്. സിറിയയിലേക്ക് അയച്ച ഏറ്റവും വലിയ സഹായ വിതരണമാണിത്.
സിറിയൻ അറബ് റെഡ് ക്രസൻ്റുമായി സഹകരിച്ച് ഭൂകമ്പ ദുരിതബാധിതർക്കാണ് സഹായം എത്തിക്കുന്നത്. 2,823 ടൺ എത്തിച്ചതിൽ 1,662 ടൺ ഭക്ഷ്യസാധനങ്ങൾ, 321 ടൺ ഭക്ഷണ കിറ്റുകൾ, 41 ടൺ ഈത്തപ്പഴം, 777 ടൺ ദുരിതാശ്വാസ സാമഗ്രികൾ, 15 ടൺ നിർമാണ സാമഗ്രികൾ എന്നിവയാണ് ഉൾപ്പെടുന്നത്.
ഫെബ്രുവരി 6 ന് ഭൂകമ്പം ഉണ്ടായതിന് ശേഷം സ്ഥാപിച്ച എയർ ബ്രിഡ്ജ് വഴി തുടർച്ചയായി യുഎഇ സഹായം എത്തിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തിൻ്റെ ജോയിൻ്റ് ഓപ്പറേഷൻ കമാൻഡ് പറഞ്ഞു. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ സംരംഭം.ഇതിനിടെ സിറിയയിൽ ഹൃദ്രോഗ പരിചരണ ക്യാമ്പയിൻ ആരംഭിച്ച യുഎഇ ദുരിതാശ്വാസം, വികസനം, പുനർനിർമ്മാണം എന്നിവയിൽ നിർണായക സഹായങ്ങൾ എത്തിക്കുന്നുണ്ടെന്ന് ഇആർസി സെക്രട്ടറി ജനറൽ ഹമൂദ് അൽ ജുനൈബി പറഞ്ഞു.
ഈ വർഷത്തെ ഈദ് അൽ അദ്ഹ പ്രമാണിച്ച് നിരവധി സിറിയൻ പ്രവിശ്യകളിൽ ഈദ് വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിനും ഇആർസിയ്ക്ക് പദ്ധതികളുണ്ട്. ദുരിതബാധിതർക്ക് വ്യോമമാർഗവും കടൽ മാർഗവും ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.