സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാരീസിലെത്തി. 2030 ൽ നടക്കാനിരിക്കുന്ന വേൾഡ് എക്സ്പോയ്ക്ക് റിയാദിൽ ആതിഥേയത്വം വഹിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് സംഘം പാരിസിൽ എത്തിയത്.
അതേസമയം റിയാദ് റോയൽ കമീഷൻ ‘വേൾഡ് എക്‌സ്‌പോ’ സംഘാടകരായ വേൾഡ് എക്സിബിഷൻ ബ്യൂറോക്ക് കീഴിലുള്ള 179 അംഗരാജ്യങ്ങളുടെ പ്രതിനിധികൾക്ക് പാരീസിൽ സ്വീകരണ പരിപാടിയും സംഘടിപ്പിച്ചു. കൂടാതെ അഭൂതപുർവമായ സൗദിയുടെ ദേശീയ പരിവർത്തനത്തിന്റെ കഥ ലോകത്തെ മറ്റ് രാജ്യങ്ങളുമായും ജനങ്ങളുമായും പങ്കിടാനുള്ള അവസരമായാണ് ‘റിയാദ് എക്‌സ്‌പോ 2030’യെ കാണുന്നതെന്ന് റിയാദ് റോയൽ കമീഷൻ വ്യക്തമാക്കി.
എക്സ്പോ സംഘടിപ്പിക്കുന്നതിനുള്ള റിയാദിന്റെ സന്നദ്ധത, സംരംഭങ്ങൾ, പദ്ധതികൾ എന്നിവ പരിപാടിയിൽ അനാവരണം ചെയ്തു. അതേസമയം ഈ വർഷം നവംബറിൽ നടക്കുന്ന വേൾഡ് എക്സിബിഷൻ ബ്യൂറോയുടെ അടുത്ത ജനറൽ അസംബ്ലി യോഗത്തിലാണ് 2030ലെ ആതിഥേയ നഗരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇതിന് മുന്നോടിയായുള്ള തയ്യാറെടുപ്പാണ് പാരീസിൽ നടന്നത്. കൂടാതെ സൗദി ഭരണകൂടത്തിന്റെയും എല്ലാ സർക്കാർ ഏജൻസികളുടെയും സൗദി സമൂഹത്തിന്റെയും പൂർണ പിന്തുണയോടെ സമർപ്പിച്ച അപേക്ഷയെ മുൻ നിർത്തിയുള്ള തീരുമാനത്തെ സൗദി അറേബ്യ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.