ലഹരിമരുന്ന് വാങ്ങുന്നതിനായി പണം കൈമാറുന്നവർക്ക് തടവും അരലക്ഷം ദിർഹം പിഴയും ചുമത്തി യുഎഇ. സ്വന്തം ഉപയോഗത്തിനോ മറ്റുള്ളവർക്ക് വേണ്ടിയോ ലഹരി മരുന്ന് സംഘവുമായി ഇടപാട് നടത്തിയാൽ ഗുരുതര കുറ്റകൃത്യമായി പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ലഹരിമരുന്ന് വ്യാപനവും ഉപയോഗവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംശയാസ്പദമായ ഫോൺ സംഭാഷണങ്ങൾ പൊലീസ് നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്. കൂടാതെ ലഹരിമരുന്ന് വില്പന കണ്ടെത്തുന്നതിനായി ബാങ്ക് അക്കൗണ്ടുകളെ സുതാര്യമാക്കാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിനകത്തോ പുറത്തോ ഉള്ള അപരിചിതരുമായി ബാങ്ക് ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
അനധികൃത ഇടപാടുകൾ കണ്ടെത്തിയാൽ സെൻട്രൽ ബാങ്കുമായി സഹകരിച്ച് അക്കൗണ്ട് രണ്ടു വർഷത്തേക്ക് മരവിപ്പിക്കുമെന്നും സംശയാസ്പദമായ ബാങ്ക് ഇടപാടുകൾ ആഭ്യന്തരവകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ലഹരിമരുന്ന് ഉപയോഗം രാജ്യത്തുനിന്നും തുടച്ചുനീക്കുകയാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നത്.