ഒമാനിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് നൽകുന്ന മെഡിക്കൽ സേവനമായ ‘ഒമാൻ ഹജ്ജ് മിഷന് ‘മക്കയിൽ തുടക്കമായി. ക്ലിനിക്കും മറ്റ് ഷിഫ (ചികിത്സ) സംവിധാനങ്ങൾ ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്തു. ‘ഒമാൻ ഹജ്ജ് മിഷൻ’ ചെയർമാൻ സുൽത്താൻ ബിൻ സഈദ് അൽഹിനായിയുടെ നേതൃത്വത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ അഡ്മിനിസ്ട്രേറ്റിവ്, ഫിനാൻഷ്യൽ, പ്ലാനിങ് അഫയേഴ്സ് അണ്ടർ സെക്രട്ടറിയും ആരോഗ്യ മന്ത്രാലയത്തിലെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള സൂപ്പർവൈസറി കമ്മിറ്റി ചെയർപേഴ്സനുമായ ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ അജ്മിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഒമാനിൽനിന്നുള്ള തീർഥാടകർക്ക് ഹജ്ജ് കർമങ്ങളും മറ്റും എളുപ്പമാക്കുന്നതിനുള്ള സേവനങ്ങളാണ് ഹജ്ജ് മിഷന്റെ നേതൃത്വത്തിൽ നൽകുക. ഈ വർഷം ഒമാനിൽനിന്നുള്ള 14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ 13,500 പേർ സ്വദേശികളും 250പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. അതേസമയം ഒമാനിൽനിന്നുള്ള മലയാളി സംഘം കഴിഞ്ഞ വെള്ളിയാഴ്ച വിശുദ്ധകർമത്തിനായി തിരിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, മറ്റ് ഔദ്യോഗിക പ്രതിനിധികൾ, മെഡിക്കൽ സംഘം, റോയൽ ഒമാൻ പൊലീസ്, ഫത്വകളും മതപരമായ മാർഗ നിർദേശങ്ങളും നൽകുന്നവർ എന്നിവരാണ് ഒമാൻ ഹജ്ജ് മിഷന്റെ സംഘത്തിലുള്ളത്.