പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. അമേരിക്കൻ പ്രസിഡൻന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച മോദി ഈജിപ്തിലേക്കുപോകും.
മോദിയെ ന്യൂയോർക്കിൽ അമേരിക്കയിലെ ഇന്ത്യൻ വംശജർ സ്വീകരിക്കും. നാളെ അന്താരാഷ്ട്ര യോഗ ദിനത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ ചടങ്ങിൽ മോദി പങ്കെടുക്കും. പ്രമുഖ വ്യക്തികളുമായും മോദി നാളെ കൂടികാഴ്ച നടത്തും. വ്യാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ.
14 വർഷത്തിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അമേരിക്കയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനത്തിനുള്ള അവസരം ലഭിക്കുന്നത്. ഇതിന് മുൻപ് 2009ലെ പ്രസിഡന്റ് ബറാക് ഒബാമയാണ്, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഔദ്യോഗിക സന്ദർശനത്തിന് ക്ഷണിച്ചത്. യുഎസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികൾക്കായി മാറ്റി വച്ചിട്ടുള്ള ഒന്നാണ് സ്റ്റേറ്റ് വിസിറ്റ്. ഇത് പ്രസിഡന്റിന്റെ ക്ഷണപ്രകാരം മാത്രമാണ് സംഭവിക്കുന്നതും. ഇന്ത്യക്ക് അനുവദിച്ച അമേരിക്കൻ സ്റ്റേറ്റ് സന്ദർശനം ആഗോളതലത്തിൽ രാജ്യത്തിന്റെ ഔന്നത്യത്തിന്റെ പ്രതിഫലനമായാണ് കണക്കാക്കുന്നത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന് പരമപ്രധാനമാണ് ഈ സന്ദർശനം.