500 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ പദ്ധതിയിട്ട് ഇൻഡിഗോ. എയർബസിൽ നിന്നാണ് കമ്പനി 500 വിമാനങ്ങൾ കൂടി വാങ്ങാൻ കരാർ ഉറപ്പിച്ചത്. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് ഇൻഡിഗോ വാങ്ങാൻ തീരുമാനിച്ചതെന്ന് എയർബസ് മേധാവി പീറ്റർ എൽബേഴ്സ് പറഞ്ഞു.
ടർക്കിഷ് എയർലൈനുകളുമായി സഹകരിച്ച് യൂറോപ്പിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് 500 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുള്ളതെന്ന് ഇൻഡിഗോ എയർലൈനിന്റെ അന്താരാഷ്ട്ര സെയിൽസ് മേധാവി വിനയ് മൽഹോത്രയാണ് പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഇസ്താംബൂളിലേക്കും യൂറോപ്പിലേക്കുമുള്ള യാത്രാ സർവീസുകൾ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രതിദിനം 1800 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. അതിൽ 10 ശതമാനം അന്താരാഷ്ട്ര റൂട്ടുകളിലാണ്.
അടുത്തിടെ എയർ ഇന്ത്യ 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഡിഗോയും വിമാനങ്ങൾക്ക് ഒരുമിച്ച് ഓർഡർ നൽകിയിരിക്കുന്നത്. 10 വർഷത്തിനുള്ളിൽ എ 320 വിഭാഗത്തിൽപ്പെടുന്ന 1330 വിമാനങ്ങളാണ് ഇൻഡിഗോ ആകെ വാങ്ങാൻ ഉദ്ദേശിക്കുന്നത്.