ആയിരക്കണക്കിന് പുസ്തകങ്ങളാൽ ഷാർജ ഭരണാധികാരിയുടെ മുഖം ചിത്രീകരിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ തന്റെ ആർട്ട് ഇൻസ്റ്റലേഷന്റെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. ഷാർജ എക്സ്പോ സെന്ററിലെ ഒന്നാം നമ്പർ ഹാളിലാണ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖം പുസ്തകങ്ങളാൽ ചിത്രീകരിച്ചിരിക്കുന്നത്.
60 അടി നീളവും 30 അടി വീതിയും 25 അടി ഉയരവുമുള്ള ത്രിമാന ആർട് ഇൻസ്റ്റലേഷനാണ് സുരേഷ് രൂപം നൽകിയത്. ഷാർജ ഗവ. ജില്ലാ ഗ്രാമകാര്യ വകുപ്പ് ചെയർമാൻ ഷെയ്ഖ് മാജിദ് ബിൻ സുൽത്താൻ ബിൻ അൽ ഖാസിമി ഇൻസ്റ്റലേഷൻ അനാച്ഛാദനം ചെയ്തു. വരുന്ന 10 ദിവസം സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും രാവിലെ 10 മുതൽ രാത്രി 8 വരെ പ്രദർശനം കാണാൻ സാധിക്കും. ബലി പെരുന്നാൾ അവധി ദിനമായതിനാൽ 21 വരെ സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പ്രദർശനം.
യുഎഇയിലെ 24 ഇന്ത്യൻ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുസ്തകങ്ങളാൽ ഡാവിഞ്ചി സുരേഷ് നിർമ്മിച്ച ഏറ്റവും വലിയ ആർട് ഇൻസ്റ്റലേഷനാണ് ഇത്. അഞ്ച് ദിവസം കൊണ്ടാണ് അദ്ദേഹം ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയത്. പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.