വിദേശ രാജ്യങ്ങളില്‍ ആരംഭിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ദുബായിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ദുബായിലെ താജ് ഹോട്ടലിൽ വൈകുന്നേരം നാലുമണിക്കാണ് ഉദ്ഘാടന ചടങ്ങ്. വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷനാകും.
യുഎഇ അടക്കമുളള വിദേശ രാജ്യങ്ങളിലായി 32 ദശലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികൾ ഉണ്ടെന്നാണ് കണക്ക്. ഈ പ്രവാസി സമൂഹം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവര്‍ഷം 78 ബില്യണ്‍ ഡോളറാണ് നൽകുന്നത്. അതുകൊണ്ട് തന്നെ കേരളത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനും പ്രവാസി സമൂഹത്തിന്റെ വിലയേറിയ സംഭാവനകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാൻ ആണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി പദ്ധതി ആരംഭിക്കുന്നത്.
തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് ആഗോള ഡെസ്കായി പ്രവര്‍ത്തിക്കും. പ്രവാസി സമൂഹത്തിന് അവര്‍ പ്രതിനിധാനം ചെയ്യുന്നത് ഏത് രാജ്യത്താണോ അവിടെയോ ഇന്ത്യയിലോ ആയി വിപണി വിപുലീകരിക്കാനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യമായ എല്ലാ വിധ സൗകര്യങ്ങളും ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലൂടെ ലഭ്യമാകും. ആദ്യഘട്ടത്തില്‍ യുഎഇ, യുഎസ്എ, യൂറോപ്പ്, ഓസ്ട്രേലിയ, എന്നിവിടങ്ങളിലാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ പ്രവർത്തനം ആരംഭിക്കുക.
കേരള സംസ്ഥാന ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍, യുഎഇയിലെ ഇന്ത്യന്‍ അമ്പാസിഡറായ സുഞ്ജോയ് സുധീര്‍, ദുബായ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ. അമന് പുരി, ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫ് അലി, കെഎസ് യു എം സിഇഒ അനൂപ് അംബിക, ആസ്റ്റര്‍ ഡിഎം എംഡി ആസാദ് മൂപ്പന്, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്, ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്മാന് വി കെ മാത്യൂസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.