യുഎസ് സന്ദർശന സമയത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്രക്ക് യാത്ര നടത്തിയത് ‘വ്യാജ’മാണെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. വ്യാജ ആഖ്യാനം സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും മറ്റൊരു ശ്രമമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ യാത്ര ചെയ്ത ട്രക്ക് ഓടിച്ചിരുന്നത് സാധാരണ ഡ്രൈവറല്ല. അയാൾ ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസിന്റെ അമേരിക്കയിലെ പ്രസിഡന്റാണ് എന്നുമുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അനിൽ ആന്റണി പരിഹാസവുമായി രംഗത്തെത്തിയത്.
രാഹുൽ യാത്ര ചെയ്തിരുന്ന ട്രക്കിന്റെ ഡ്രൈവർ തൽജീന്ദർ സിങ് വിക്കി ഗിൽ എന്ന ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് അമേരിക്കയുടെ (ഐഒവൈസിഎ) പ്രസിഡന്റാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. എന്നാൽ വ്യാജമായ ആഖ്യാനങ്ങൾ സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും മറ്റൊരു ശ്രമം കൂടി ഇപ്പോൾ പൊളിഞ്ഞിരിക്കുന്നു. വിദ്വേഷം നിമിത്തം പാർട്ടി വിടുകയും മുൻ ബിജെപി ആരാധകനുമായിരുന്ന ആ സാധാരണക്കാരനായ ട്രക്ക് ഡ്രൈവർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ യൂത്ത് പ്രസിഡന്റാണ്’ എന്നാണ് അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചത്.
യുഎസ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി വാഷിങ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് 190 കിലോമീറ്റർ ട്രക്ക് യാത്ര നടത്തിയത് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വർത്തയായിരുന്നു. കൂടാതെ യാത്രയ്ക്കിടയിൽ രാഹുൽ ഇന്ത്യൻ വംശജരായ ഡ്രൈവർമാരുമായി സംഭാഷണം നടത്തിയതായും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം മുൻകൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയ പിആർ വർക്കാണെന്നാണ് അനിൽ ആന്റണി വെളിപ്പെടുത്തിയത്.