കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾക്കായി കേരളത്തിന് 1,228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്. പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും മൂലമുണ്ടാകുന്ന വെല്ലുവിളികളെ ചെറുക്കാനാണ് കാലവർഷത്തിന് മുന്നോടിയായി ലോക ബാങ്ക് വായ്പ അനുവദിച്ചത്. മുൻപ് അനുവദിച്ച 125 ദശലക്ഷം ഡോളറിന്റെ ധനസഹായത്തിന് പുറമെയാണിത്.
ദക്ഷിണേന്ത്യൻ തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും 2018ലെയും 2021ലെയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കേരളത്തിൽ ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കുകയും 100 ദശലക്ഷം ഡോളറിലധികം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തതായും ലോകബാങ്ക് വിലയിരുത്തി.
കാലവർഷം ശക്തിയാർജിക്കാനിരിക്കെ ലോകബാങ്കിന്റെ നടപടി കേരളത്തിന് വലിയ ആശ്വാസമാകും. കേരളത്തിലെ 50 ലക്ഷത്തോളം പേർക്ക് വെള്ളപ്പൊക്ക കെടുതികളിൽനിന്ന് സംരക്ഷണം ലഭിക്കാൻ ഈ തുക ഉപകാരപ്പെടുമെന്നാണ് നിഗമനം.