പൈതൃക, ടൂറിസം മേഖലകളിൽ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാനിലെ പൈതൃക, ടൂറിസം മന്ത്രാലയവും മൈക്രോസോഫ്റ്റ് കമ്പനിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. പൈതൃക, ടൂറിസം മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും അനുഭവങ്ങളുടെയും മത്സരക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കരാർ.
പൈതൃക ടൂറിസം മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് ഡയറക്ടർ അബ്ദുല്ല സലിം അൽ ഹജാരിയും മൈക്രോസോഫ്റ്റ് ഒമാൻ, ബഹ്റൈൻ കൺട്രി മാനേജർ ഷെയ്ഖ് സെയ്ഫ് ഹിലാൽ അൽ ഹുസ്നിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന വിവരസാങ്കേതിക വിദ്യ പ്രദർശനമായ ‘കോമെക്സ് 2023’ന്റെ ഭാഗമായായിരുന്നു പുതിയ കരാർ.
അതേസമയം ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും നൂതനത്വം വർധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ മൈക്രോസോഫ്റ്റ് ക്ലൗഡ് പ്രവർത്തനക്ഷമമാക്കിയ പരിഹാരങ്ങൾ സ്വീകരിക്കുന്നതിലൂടെ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തന യാത്ര ത്വരിതപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നുണ്ടെന്ന് ഒമാൻ ടൂറിസം മന്ത്രാലയം കൂട്ടിച്ചേർത്തു.