ഗോ ഫസ്റ്റ് വിമാനങ്ങളിൽ മുൻകൂർ ടിക്കറ്റെടുത്ത പ്രവാസികൾ വലയുന്നു. വിമാന സർവ്വീസുകൾ മുടങ്ങിയതോടെ ടിക്കറ്റ് തുക തിരിക്കാൻ വൈകുന്നതായാണ് പരാതികൾ.സ്കൂൾ തുറക്കുന്നതിന് മുമ്പ് നാട്ടിലെത്താൻ ടിക്കറ്റെടുത്ത നിരവധി കുടുംബങ്ങളാണ് പണം തിരികെ കിട്ടാതെ വെട്ടിലായത്.
ഏപ്രിൽ മുതൽ ഗോ ഫസ്റ്റ് സർവ്വീസുകൾ നിർത്തിവച്ചിരിക്കുകയാണ്. സർവ്വീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച അനശ്ചിതത്വവും തുടരുന്നു. റദ്ദാക്കിയ സർവ്വീസുകളിലെ യാത്രക്കാർക്ക് പണം തിരികെ നൽകുമെന്നാണ് കമ്പനി പറയുന്നതെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. കുട്ടികളടക്കം മൂന്നും നാലും പേർക്ക് ഫാസമിലെ ടിക്കറ്റെടുത്തവർക്കാണ് കൂടുതൽ തുക നഷ്ടമായത്. പലരും വീണ്ടും പണം മുടക്കി മറ്റ് വിമാനങ്ങളിൽ നാട്ടിലേക്കും മറ്റും യാത്ര തിരിക്കുകയായിരുന്നു.
കണ്ണൂരിലെ പ്രവാസി കുടുംബങ്ങളാണ് ഗോഫസ്റ്റ് വിമാനങ്ങളെ കൂടുതലായി ആശ്രയിച്ചിരുന്നത്. സർവ്വീസ് സംബന്ധിച്ച അനശ്ചിതത്വം തുടരുന്നത് കൂടുതൽ യാത്രക്കാരെ ബാധിക്കും. പണം തിരിച്ചു നൽകുന്നതിന് പകരം മറ്റൊരു അവസരത്തിൽ ടിക്കറ്റ് നൽകാൻ കഴിയുന്ന വിധം ക്രെഡിറ്റ് നൽകാമെന്നാണ് ട്രാവൽ ഏജൻ്റുമാരോട് വിമാനകമ്പനി പറയുന്നത്. ഇത് ഏജൻസികളേയും ബാധിക്കുന്നുണ്ട്.