വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനേത്തുടർന്ന് എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. കുറ്റപത്രത്തിൽ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി വെളിപ്പെടുത്തി.
പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ (7,8) പ്രകാരമാണ് മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതിനു പുറമേ ഐപിസി 370 (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവയ്ക്കൽ, ഐപിസി 342 (അന്യായമായി തടവിൽ പാർപ്പിക്കൽ), ഐപിസി 354 എ (സ്ത്രീക്ക് നേരെ അതിക്രമം), ഐപിസി 376 (ബലാത്സംഗം), ഐപിസി 313 (സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ), ഐപിസി 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണ് പ്രത്യേക കോടതി പ്രതിക്കെതിരെ ചുമത്തിയത്.
വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതിയായ മോൻസനെതിരായി റജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്. കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ പൂർത്തിയായത്. മറ്റു കേസുകളിൽ മോൻസന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. പഠനസഹായം വാഗ്ദാനം ചെയ്താണ് ജീവനക്കാരിയുടെ മകളായ 17 വയസുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റമാണ് കേസന്വേഷണം നടത്തിയതും കുറ്റപത്രം സമർപ്പിച്ചതും.