കേരളത്തിൽ വീണ്ടും തെരുവുനായ ആക്രമണം. തൃശൂരും കോഴിക്കോടുമായി മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കോഴിക്കോട് ജില്ലയിൽ ഉണ്ണികുളത്തും, തൊട്ടിൽപ്പാലത്തുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഉണ്ണികുളം സ്വദേശിയായ ജിതേഷ് കുമാർ ഇന്നലെ രാത്രി ഒൻപത് മണിയോടെ വീടിന് പുറത്ത് ഇറങ്ങിയപ്പോഴാണ് നായ ആക്രമിച്ചത്. ഏറെ നേരം നായ ആക്രമിച്ചെങ്കിലും ജിതേഷ് സ്വയം പ്രതിരോധം തീർത്ത് രക്ഷനേടി. കൈക്കും കാലിനും പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്.
കോഴിക്കോട്ടെ തൊട്ടിൽപ്പാലത്ത് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ ആക്കൽ സ്വദേശി സത്യനും തെരുവുനായയുടെ കടിയേറ്റു. തൊട്ടിൽപാലത്തെ സ്ഥപനത്തിലേക്ക് വരുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്. അതേസമയം തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ മത്സ്യം വാങ്ങാനെത്തിയ മണത്തല സ്വദേശി ദേവദാസിനെയും തെരുവുനായ കടിച്ചു. ദേവദാസിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.