പദവികളിൽ നിന്നും നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ പാർട്ടി തീരുമാനം അംഗീകരിക്കുന്നതായി പ്രതികരിച്ചിരിക്കുകയാണ് പി.വി ശ്രീനിജൻ എംഎൽഎയും പികെ അനിൽകുമാറും. ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയ പാർട്ടി തീരുമാനത്തിൽ അസ്വഭാവികത ഒന്നും തോന്നുന്നില്ലെന്നും അധിക ചുമതല ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പി.വി ശ്രീനിജൻ എംഎൽഎ പറഞ്ഞു. നേരത്തെ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാൽ ഉടൻ രാജി വെക്കുമെന്നും എംഎൽഎ പറഞ്ഞു.
എംഎൽഎ സ്ഥാനവും സ്പോർട്ട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനവും ഒരുമിച്ച് വഹിക്കേണ്ടെന്നാണ് പാർട്ടി തീരുമാനിച്ചത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് പി.വി ശ്രീനിജനെ ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനമായത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് പി.വി ശ്രീനിജൻ തടഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഇതിനിടെ മിനി കൂപ്പർ വിവാദത്തിൽ പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നതായി സിഐടിയു നേതാവ് പികെ അനിൽകുമാർ പറഞ്ഞു. പാർട്ടി തീരുമാനം അന്തിമമാണ്. അത് ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മിനി കൂപ്പർ വാങ്ങിയ ചിത്രം ഫേസ് ബുക്കിൽ പങ്കുവെച്ചതോടെയാണ് സിഐടിയു നേതാവ് പികെ അനിൽകുമാർ വിവാദത്തിലായത്. ഇതിലാണ് പാർട്ടി നടപടിയുണ്ടായിരിക്കുന്നത്. തുടർന്ന് പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സിഐടിയു ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
കൂടാതെ അനിൽകുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്നും നീക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ അറിയിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ പാർട്ടിയല്ല ഇതെന്ന് എംവി ഗോവിന്ദൻ എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ തുറന്നടിച്ചു.