പ്രമുഖ എഡ് – ടെക് കമ്ബനിയായ ബൈജൂസ് കരാർ അവസാനിപ്പിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ജഴ്‌സി സ്‌പോൺസർഷിപ്പിന് അപേക്ഷ ക്ഷണിച്ച് ബിസിസിഐ. വരാനിരിക്കുന്ന ഏകദിന ലോകകപ്പ് കാരണം പുതിയ സ്പോൺസർഷിപ്പിനായി കനത്ത മത്സരമുണ്ടാകുമെന്നാണ് വിലയിരുത്തൽ. അഞ്ച് ലക്ഷം രൂപ നൽകി ബ്രാൻഡുകൾക്ക് ജഴ്‌സി സ്പോൺസർഷിപ്പിനുള്ള ടെൻഡറുകൾ വാങ്ങാം.
ഇന്ത്യൻ ടീമിൻറെ സ്‌പോൺസർമാരായിരുന്ന ബൈജൂസ് കാലാവധി പൂർത്തിയാക്കി 35 മില്യൺ ഡോളറിൻറെ കരാർ അവസാനിപ്പിച്ചതോടെയാണ് ബിസിസിഐ പുതിയ സ്‌പോൺസർമാരെ ക്ഷണിച്ചിട്ടുള്ളത്.അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 26 ആണ്. ഏഷ്യ കപ്പിന് മുന്നോടിയായി സ്‌പോൺസർമാരെ കണ്ടെത്താനാകും ബിസിസിഐയുടെ ശ്രമം.
മുൻപില്ലാത്ത വിധം കർശന നിബന്ധനകളോടെയാണ് ബിസിസിഐ ഇത്തവണ ജഴ്‌സി സ്‌പോൺസർമാരെ തേടുന്നത്. മദ്യ കമ്പനികൾ, ബെറ്റിങ് സ്ഥാപനങ്ങൾ, ക്രിപ്റ്റോ കറൻസി, പണം ഉപയോഗിച്ചുള്ള ഗെയിംസ് (ഫാൻറസി ഗെയിമുകൾക്ക് ബാധകമല്ല), കയില കമ്പനികൾ, പൊതുതാൽപര്യത്തിന് വിരുദ്ധമായ സ്ഥാപനങ്ങൾ, അത്‌ലറ്റിക്, സ്പോർട്‌സ് വെയർ ജഴ്‌സി നിർമാതാക്കൾ എന്നിവർക്ക് ജഴ്‌സി സ്പോൺസർഷിപ്പിന് അപേക്ഷിക്കാനാവില്ല.