ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തിയ ദമ്പതികളെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. സൗദി അറേബ്യയിൽ പ്രവേശന വിലക്കുണ്ടായിരുന്ന വനിതാ ഹജ്ജ് തീർത്ഥാടകയെയും ഭർത്താവിനെയുമാണ് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് അധികൃതർ തിരിച്ചയച്ചത്. തെലങ്കാന മഹ്ബൂബ് നഗർ സ്വദേശികളായ മുഹമ്മദ് അബ്ദുൽ ഖാദർ, ഭാര്യ ഫരീദ ബീഗം എന്നിവർക്കാണ് സൗദിയിലെത്തിയ ശേഷം ഹജ്ജ് നിർവ്വഹിക്കാനാകാതെ മടങ്ങേണ്ടിവന്നത്.
തെലങ്കാന ഹജ്ജ് കമ്മിറ്റി വഴിയാണ് ഇരുവരും വിസ്താര വിമാനത്തിൽ ജിദ്ദയിലെത്തിയത്. എന്നാൽ ഫരീദ ബീഗത്തിന് സൗദിയിൽ പ്രവേശിക്കുന്നതിന് നേരത്തെ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും പാസ്പോർട്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുകയാണെന്നും ജിദ്ദ വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് അധികൃതർ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചത്. ഭർത്താവിന്റെ ഹജ്ജ് അപേക്ഷയും ഒരേ കവർ നമ്പറിലായിരുന്നതിനാൽ അദ്ദേഹത്തിനും പ്രവേശനം നിഷേധിക്കുകയും വിസ്താര എയർലൈൻസിന്റെ മുംബൈ വിമാനത്തിൽ ഇവരെ തിരിച്ചയക്കുകയുമായിരുന്നു.
ഫരീദ ബീഗം നേരത്തെ സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് അവർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതേത്തുടർന്നാണ് ഫരീദ ബീഗത്തിന് സൗദി അറേബ്യയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തുകയും ഇമിഗ്രേഷൻ രേഖകളിൽ പാസ്പോർട്ട് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തത്.