നടനും നിർമാതാവുമായ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ സംവിധാനം ചെയ്യുന്ന ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പതിനൊന്ന് നായകളും ഒരു പൂവൻകോഴിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. അതേസമയം വളര്‍ത്തു മൃഗങ്ങളുടെ കഥപറയുന്ന ഈ ചിത്രം മലയാളത്തിലെ ഒരു പരീക്ഷണ ചിത്രം കൂടിയാണ്. നായ്ക്കൾക്ക് ശബ്ദം നൽകുന്നത് മലയാളത്തിലെ മുൻനിര താരങ്ങളാണെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ ഇന്ദ്രൻസ്, അജു വർഗീസ്, സണ്ണി വെയ്ൻ, സൗബിൻ ഷാഹിർ, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായകള്‍ക്ക് ശബ്ദം നൽകിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക. ഏതു ഭാഷക്കാർക്കും, ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണിത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക. ജൂലൈ 14ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും.
സിനിമയ്ക്ക് വേണ്ടി നായകളെയും കോഴിയെയും പരിശീലിപ്പിക്കാൻ രണ്ട് വർഷമെടുത്തു എന്ന് സംവിധായകൻ ദേവൻ പറയുന്നു. 75 ദിവസമായിരുന്നു ഷൂട്ടിംഗ്. ഒരു വർഷമെടുത്താണ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയത്. നായകളും പൂവൻ കോഴിയും തമ്മിലുണ്ടാവുന്ന പ്രണയവും, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മനുഷ്യരുടെ വികാരവിചാരങ്ങളാണ് മൃഗങ്ങളിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
അതേസമയം നർമത്തിന്റെ മേമ്പൊടിയിലൂടെ പ്രേക്ഷകരെ കൊണ്ടു പോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനിടയിൽ ശക്തമായ ബന്ധങ്ങളുടെ പിരിമുറുക്കവും ചിത്രത്തിലുടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനുള്ള ശ്രമവും ഉണ്ടെന്ന് സംവിധായകൻ പറഞ്ഞു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു പണിക്കരാണ്. എഡിറ്റിങ് അയൂബ് ഖാൻ, കലാസംവിധാനം നിർവഹിക്കുന്നത് അരുൺ വെഞ്ഞാറമൂടാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, പിആർഒ വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.